പരീക്ഷയാണോ? പാഠഭാഗങ്ങൾ കൃത്യമായി പഠിച്ചു തുടങ്ങിയോ? ആനുകാലിക വിഷയങ്ങളിൽ സംശയങ്ങളെയുണ്ടല്ലേ?
മത്സര പരീക്ഷകളിൽ കോർ പേപ്പറുകളോടൊപ്പം തന്നെ പ്രാധാന്യമുള്ള ഒന്നാണ് അനുബന്ധ പേപ്പറുകളും. പ്രത്യേകിച്ച് ആനുകാലിക ചോദ്യങ്ങൾ. ലോകത്ത് നടക്കുന്ന ഏറ്റവും പുതിയ സംഭവങ്ങളും വിഷയങ്ങളുമാണ് മത്സര പരീക്ഷകളിലെ ആനുകാലിക ചോദ്യങ്ങൾക്ക് അടിസ്ഥാനം. ഉയർന്ന മാർക്കോടെ പരീക്ഷ ജയിച്ച് ആഗ്രഹിച്ച ജോലി നേടുന്നതിന് പ്രസ്തുത സിലബസിനൊപ്പം ആനുകാലിക വിഷയങ്ങളും നേടിയെടുക്കേണ്ടതുണ്ട്. കറന്റ് അഫ്ഫയർ ചോദ്യങ്ങൾ ആത്മവിശ്വാസത്തോടെ നേരിടാൻ മുന്നൊരുക്കങ്ങൾ അത്യാവശ്യമാണ്. ചില ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും പരിചയപ്പെടുത്തുന്നു.
1. വീരേന്ദർ സേവാഗിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി ട്രിപ്പിൾ സെഞ്ചുറി നേടിയ ഏക കളിക്കാരൻ?
2022 -23 രഞ്ജി സീസണിലേക്കുള്ള കർണാടക ടീമിനെ പ്രഖ്യാപിച്ചപ്പോൾ ക്രിക്കറ്റ് താരം കരുൺ നായരിന്റെ പേരില്ലാതിരുന്നത് വലിയ വാർത്തയായിരുന്നു. “പ്രിയപ്പെട്ട ക്രിക്കറ്റ് എനിക്കൊരു അവസരം കൂടി തരൂ.” പ്രഖ്യാപനത്തിനെതിരെ കരുൺ ട്വീറ്റ് ചെയ്ത സങ്കടഹർജി ചുരുങ്ങിയ സമയം കൊണ്ടായിരുന്നു വൈറൽ ആയത്. 23 മണിക്കൂറിനുള്ളിൽ 1.31 ലക്ഷം ആരാധകരാണ് വീഡിയോ ലൈക്ക് ചെയ്തത്. വിഷയത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ ചർച്ച ശക്തമാകുമ്പോൾ കരുൺ നയറിന്റെ പ്രൊഫൈൽ പരിചയപ്പെട്ടാലോ?
വീരേന്ദർ സേവാഗിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി ട്രിപ്പിൾ സെഞ്ചുറി നേടിയ ഏക താരവും മലയാളിയുമാണ്. 2016 ഡിസംബറിൽ ഇംഗ്ലണ്ടിനെതിരെ നടന്ന ചെന്നൈ ടെസ്റ്റിലാണ് പദവി നേടിയത്. 303 റൺസ് ആയിരുന്നു സ്കോർ ചെയ്തത്. ഒപ്പം അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ സെഞ്ച്വറി തന്നെ ട്രിപ്പിൾ സെഞ്ച്വറി നേടിയ മൂന്നാമത്തെ കളിക്കാരനെന്ന അംഗീകാരവും ലഭിച്ചു. ആറ് ടെസ്റ്റ് കളിച്ചിട്ടുള്ള കരുണിന്റെ ബാറ്റിങ് ശരാശരി 62 ആണ്.
2013 മുതൽ ഐ.പി.എല്ലിന്റെ ഭാഗമാണ്. മുപ്പതാം വയസ്സിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ളൂരിന് വേണ്ടിയായിരുന്നു ആദ്യ ഗെയിം. നിലവിൽ 67 ഇൻസിങ്ങുകൾ കളിച്ചിട്ടുള്ള കരുൺ 23.92 ശരാശരിയിൽ 1483 റൺസ് സ്കോർ ചെയ്തിട്ടുണ്ട്. 128.07 ആണ് സ്ട്രൈക്ക് റേറ്റ്. 83 റൺസാണ് പുറത്താകാതെ നേടിയ ഉയർന്ന റൺസ്. 10 ഫിഫ്‌റ്റികളും കരുണിന്റെ പേരിലുണ്ട്.
ഒരു വർഷത്തിന് ശേഷം 2014 – ലാണ് കരുൺ നായർ രാജസ്ഥാൻ റോയൽസിൽ ചേരുന്നത്. 2016 -17 ൽ ഡൽഹി ക്യാപ്റ്റൻസിനൊപ്പവും 2018 മുതൽ 20 വരെ പഞ്ചാബ് കിങ്‌സിനൊപ്പവും കളിച്ചു. 2021 ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ എത്തി. സീസണിന് ശേഷം ഒഴിവാക്കപ്പെട്ട താരത്തെ 1.4 കോടി മെഗാ ലേലത്തിൽ രാജസ്ഥാൻ റോയൽസ് വാങ്ങുകയായിരുന്നു.
2. എന്താണ് ചക്രവാതച്ചുഴി?
ചുഴലിക്കാറ്റ് രൂപപ്പെടുന്നതിന്റെ ആദ്യപടിയാണ് ചക്രവാതച്ചുഴി. അന്തരീക്ഷത്തിലുണ്ടാകുന്ന മർദ വ്യതിയാനം വിവിധ ദിശയിൽ സഞ്ചരിക്കുന്ന കാറ്റിനെ ചക്രം പോല കറക്കുന്നു. ശക്തി കുറഞ്ഞ ഈ കാറ്റിന്റെ കറക്കമാണ്. ചക്രവാതച്ചുഴി എന്നറിയപ്പെടുന്നത്. ചക്രവാതചുഴിയിൽ കാറ്റിന്റെ കറക്കം ഘടികാരദിശയിലും എതിർഘടികാരദിശയിലും ഉണ്ടാകാം. ഭൂമിയുടെ ദക്ഷിണാർധ ഗോളത്തിൽ ഇത് ഘടികാര ദിശയിലും ഉത്തരാർധത്തിൽ ഇത് എതിർഘടികാാരദിശയിലും കറങ്ങുന്നു. ചക്രവാതച്ചുഴി അതിശക്തമായ ന്യൂനമർദ്ദമായി മാറുമ്പോൾ ചുഴലിക്കാറ്റ് രൂപപ്പെടുന്നു.
ന്യൂനമർദം ശക്തി കൂടുമ്പോൾ തീവ്രന്യൂനമർദവുമാകുന്നു (ഡിപ്രഷൻ). തീവ്ര ന്യൂനമർദം ശക്തിപ്പെട്ട് അതിതീവ്ര ന്യൂനമർദമാകും (ഡീപ് ഡിപ്രഷൻ). ഇത് വീണ്ടും ശക്തിപ്പെട്ടാൽ മാത്രമാണ് ചുഴലിക്കാറ്റ് രൂപപ്പെടുക. എല്ലാ ചക്രവാതച്ചുഴിയും മഴയ്ക്ക് കാരണമാകാറില്ല. കാറ്റ് കറങ്ങുന്നതിന്റെ ശക്തി, ചക്രവാതച്ചുഴി രൂപപ്പെടുന്ന മേഖല, വ്യാപ്തി, മേഘം രൂപപ്പെടാനുള്ള സാധ്യത തുടങ്ങിയവയെ അനുസരിച്ചാണ് മഴ പെയ്യാനുള്ള സാധ്യത.
3. ലോക്കർബീ വിമാനസ്ഫോടനം നടന്നത് ഏതു വർഷമാണ്?
ന്യൂയോർക്കിലേക്കു പറക്കുകയായിരുന്ന പാൻ അമേരിക്കൻ വിമാനം 1988 ഡിസംബർ 21 ന് സ്കോട്‍ലൻഡിലെ ലോക്കർബീക്കു മുകളില്‍ വെച്ചാണ് സ്ഫോടനത്തില്‍ തകരുന്നത്. അപ്രതീക്ഷിതമായി ഉണ്ടായ അപകടത്തിൽ യാത്രക്കാരും പ്രദേശവാസികളും ഉൾപ്പെടെ 270 പേർ മരിച്ചു. അപകടത്തിന്റെ ഉത്തരവാദിത്തം പിന്നീട് ലിബിയ ഏറ്റെടുക്കുകയും വിമാനത്തിലും പ്രദേശത്തുമായി കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 1.5 ബില്ല്യണ്‍ ഡോളർ നഷ്ടപരിഹാരം നൽകുകയും ചെയ്തു. വിമാനത്തിൽ ബോംബ് വച്ചതിന് 2001ൽ ശിക്ഷിക്കപ്പെട്ട ലിബിയൻ ചാരസംഘടനാ ഓഫിസർ അബ്‌ദുൽ ബാസിത് അൽ മെഗ്രാഹിയെ അർബുദരോഗിയെന്ന പരിഗണന നൽകി സ്കോട്‌ലൻഡ് സർക്കാർ 2009ൽ മോചിപ്പിച്ചിരുന്നു. ലിബിയയിൽ യുഎസ് നടത്തിയ ബോംബാക്രമണങ്ങൾക്കു പ്രതികാരമായി ഗദ്ദാഫിയുടെ ചാരന്മാർ ആസൂത്രണം ചെയ്തതായിരുന്നു ലോക്കർബീ ദുരന്തമെന്നാണ് ബ്രിട്ടിഷ് അധികൃതരുടെ അനുമാനം.
Daily Current Affairs in Malayalam December 12, 2022 – Download PDF
Click here to download Current Affairs PDF – December 12, 2022