ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനമായ നവംബർ 14 നമ്മൾ ദേശീയ ശിശുദിനമായി അചരിക്കുകയാണ്. കുട്ടികളെ അകമഴിഞ്ഞ് സ്‌നേഹിച്ചിരുന്ന പ്രിയപ്പെട്ട ചാച്ചാജിക്ക് പ്രണാമം അർപ്പിച്ച് രാജ്യത്തെമ്പാടുമുള്ള സ്‌കൂളുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും
വിവിധ പരിപാടികൾ അരങ്ങേറും. ശിശുദിനാശംസകൾ നേർന്നുകൊണ്ട് അവതരിപ്പിക്കാവുന്ന പ്രസംഗങ്ങൾ താഴെ ഉൾപ്പെടുത്തുന്നു.
കുട്ടികൾക്കായുള്ള ശിശുദിന പ്രസംഗം 2024 (Children’s day speech in Malayalam for kids 2024)
ബഹുമാനപ്പെട്ട പ്രിൻസിപ്പാൾ, അധ്യാപകരെ, എന്റെ പ്രിയപ്പെട്ട കൂട്ടുകാരെ…
ഇന്ന് നവംബർ 14. ഏറെ സന്തോഷമുള്ള ഈ ദിവസം ആഘോഷിക്കാൻ ഒത്തുകൂടിയിരിക്കുന്ന എല്ലാവർക്കും ശിശുദിനത്തിന്റെ ആശംസകൾ അദ്യമേ നേരുകയാണ്. ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമാണ് നമ്മൾ ശിശുദിനമായി ആചരിക്കുന്നത്. കുട്ടികളെ ഒരുപാട് ഇഷ്ടമായിരുന്ന നെഹ്റുവിനെ സ്നേഹത്തോടെ കുട്ടികൾ ചാച്ചാജിയെന്നാണ് വിളിച്ചിരുന്നത്. നെഞ്ചിൽ ഒരു റോസാപ്പൂവും തലയിൽ വെള്ള തൊപ്പിയുമായി എപ്പോഴും ചിരിച്ചുകൊണ്ട് മാത്രം സംസാരിച്ചിരുന്ന ചാച്ചാജിയുടെ മുഖം നമുക്കെല്ലാം സുപരിചിതമാണ്.
കുട്ടികളെ ചാച്ചാജി കണ്ടിരുന്നത് പൂന്തോട്ടത്തിലെ പൂമൊട്ടുകൾ പോലെയാണ്. ഭംഗിയുള്ള പൂക്കളായി വിരിഞ്ഞ് വർണ്ണവും ഗന്ധവും പരത്തേണ്ട പൂമൊട്ടുകൾ. ഭാവി ഇന്ത്യയുടെ വാഗ്ദാനങ്ങളായി ചാച്ചാജി കരുതിയിരുന്ന കുട്ടികൾക്കിടയിൽ ആയിരിക്കാൻ അദ്ദേഹം എപ്പോഴും ആഗ്രഹിച്ചു. കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചും വിദ്യാഭ്യാസത്തെക്കുറിച്ചും കുട്ടികൾക്ക് നൽകേണ്ട പരിചരണത്തെക്കുറിച്ചും നെഹ്റു എന്നും സംസാരിച്ചിരുന്നു. കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനായി അനേകം വിദ്യാലയങ്ങൾ നിർമ്മിക്കാനും ചാച്ചാജിക്കായി.
കുട്ടികളോടുള്ള ചാച്ചാജിയുടെ അകമഴിഞ്ഞ സ്നേഹത്തിന്റെ ഓർമ്മക്കായാണ് അദ്ദേഹത്തിന്റെ ജന്മദിനം ശിശുദിനമായി ആചരിക്കുന്നത്. കുട്ടികളെപ്പറ്റി അദ്ദേഹം പറഞ്ഞ വാക്കുകൾ എല്ലാ കാലത്തും പ്രസക്തമാണ്. ‘ഇന്നത്തെ കുട്ടികളാണ് നാളത്തെ ഇന്ത്യയെ രൂപപ്പെടുത്തുന്നത്. നമ്മൾ അവരെ വളർത്തുന്ന രീതിയാണ് രാജ്യത്തിന്റെ ഭാവിയെ നിർണ്ണയിക്കുക’.
രാജ്യത്തെ മുഴുവൻ കുട്ടികൾക്കും സുരക്ഷയും വിദ്യാഭ്യാസവും നല്ല ചുറ്റുപാടുകളും ഉറപ്പുവുരുത്തേണ്ടതിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഓരോ ശിശുദിനവും. ചാച്ചാജിയുടെ സ്വപ്നം പോലെ ഭാവി ഇന്ത്യയെ രൂപപ്പെടുത്തുന്ന നല്ല പൗരന്മാരായി നമുക്ക് വളർന്നു വരാം. എല്ലാവർക്കും ഒരിക്കൽകൂടി ശിശുദിനാശംസകൾ നേർന്നുകൊണ്ട് നിർത്തുന്നു.
നന്ദി നമസ്‌കാരം.
Other Important Links | |
Monthly Current Affairs | Kerala PSC Latest Notifications |
Kerala PSC Upcoming Exams | Kerala PSC Previous Questions |
Entri Rank File | Daily Current Affairs in Malayalam |