Table of Contents
1950ൽ ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതിന്റെ സ്മരണ പുതുക്കി ഈ ജനുവരി 26-ന് രാജ്യം 76-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. ഡോ. ബി.ആർ. അംബേദ്കർ എന്ന ദാർശിനികനായ നേതാവിന്റെ മേൽനോട്ടത്തിൽ തയ്യാറാക്കിയ ഇന്ത്യൻ ഭരണഘടന, എഴുതപ്പെട്ട ഭരണഘടനകളിൽ ഏറ്റവും മഹത്തായതെന്ന് ലോകം വാഴ്ത്തുന്നു. നീതി, സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ മൂല്യങ്ങൾ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയ നമ്മുടെ ഭരണഘടന ഇന്ത്യയെ ഒരു പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക്കായി മാറ്റിയെടുത്തു. ഈ റിപ്പബ്ലിക് ദിനത്തിൽ ആശംസകളർപ്പിച്ച് അവതരിപ്പിക്കാവുന്ന പ്രസംഗങ്ങൾ താഴെ ഉൾപ്പെടുത്തുന്നു.
റിപ്പബ്ലിക് ദിന പ്രസംഗം 2025
(Republic Day Speech in Malayalam 2025)
1: Who was the first woman President of India?
റിപ്പബ്ലിക് ദിന പ്രസംഗം 2025 വേദിയിലും സദസ്സിലുമിരിക്കുന്ന ബഹുമാന്യരെ, പ്രിയപ്പെട്ടവരെ…
ഇന്ന് രാജ്യം 76-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. ഇരുന്നൂറു വർഷങ്ങൾ നീണ്ട ബ്രിട്ടീഷ് കൊളോണിയൽ വാഴ്ച്ച അവസാനിപ്പിച്ച് 1947ൽ രാജ്യം സ്വതന്ത്രമായെങ്കിലും ഇന്ത്യയെന്ന ആശയം പൂർണ്ണമായത് 1950 ജനുവരി 26-ന് ഭരണഘടന നിലവിൽ വന്നതോടെയാണ്. നീതി, സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ മൂല്യങ്ങൾ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയ ഇന്ത്യൻ ഭരണഘടനക്ക്, എഴുതിത്തയ്യാറാക്കിയ ഏറ്റവും വലിയ ഭരണഘടന എന്ന പ്രത്യേകത കൂടിയുണ്ട്. നാനാത്വത്തിൽ ഏകത്വമെന്ന, ലോകത്തിന് അത്ര പരിചിതമല്ലാതിരുന്ന, ഒരാശയം പ്രാവർത്തികമാക്കി കാട്ടിയതും ഇതേ ഭരണഘടനയാണ്.
1947ൽ സ്വാതന്ത്ര്യ പ്രഖ്യാപനത്തിനുശേഷവും ബ്രീട്ടീഷുകാർ 1935ൽ സ്ഥാപിച്ച ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ടാണ് നിലനിന്നിരുന്നത്. സ്വന്തമായി ഒരു ഭരണഘടന തയ്യാറാക്കാൻ അംബേദ്കറെ ചെയർമാനാക്കി ഡ്രാഫ്റ്റിംഗ് കമ്മിറ്റി രൂപീകരിക്കുകയും 1949 നവംബർ 26ന് ഇന്ത്യൻ ഭരണഘടനാ അസംബ്ലി ഇന്ത്യൻ ഭരണഘടന അംഗീകരിക്കുകയും ചെയ്തു. തുടർന്ന് 1950 ജനുവരി 26ന് ഇന്ത്യയുടെ ഭരണഘടന രാജ്യമെമ്പാടും പ്രാബല്യത്തിൽ വരികയും ഇന്ത്യ ഔദ്യോഗികമായി ഒരു റിപ്പബ്ലിക് ആയി മാറുകയും ചെയ്തു.‘റെസ് പബ്ലിക്ക’ എന്ന ലാറ്റിൻ പദത്തിൽ നിന്ന് ഉത്ഭവിച്ച റിപ്പബ്ലിക്ക് എന്ന വാക്കിന്റെ അർത്ഥം ‘ജനക്ഷേമരാഷ്ട്രം’ എന്നാണ്. ഒരു ഭരണഘടനയ്ക്ക് കീഴിൽ രാജ്യത്തെ ഭരണം നിർവ്വഹിക്കുന്നതിനുള്ള രാഷ്ട്രത്തലവനെ ജനങ്ങൾ തന്നെ തെരഞ്ഞെടുക്കുന്ന, ജനാധിപത്യ വ്യവസ്ഥ നിലനിൽക്കുന്ന രാഷ്ട്രങ്ങളെയാണ് ‘റിപ്പബ്ലിക്’ എന്ന് വിളിക്കുന്നത്.
ഭരണഘടന ഏറ്റവുമധികം പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന കാലഘട്ടത്തിലാണ് മറ്റൊരു റിപ്പബ്ലിക് ദിനം കൂടി കടന്നുവരുന്നത്. പലകോണുകളിൽ നിന്നായി ഭരണഘടനയെ തകിടം മറിക്കാനുള്ള ശ്രമങ്ങളും, ഭരണഘടനാ ശില്പിയായ ഡോ. ബി.ആർ. അംബേദ്കറുടെ നേരെയുള്ള വിദ്വേഷ പരാമർശങ്ങളുമെല്ലാം പത്രമാധ്യമങ്ങളിൽ വാർത്തകൾ സൃഷ്ടിച്ചത് ഈയടുത്താണ്.
മതനിരപേക്ഷതയും ഇന്ത്യയുടെ ആത്മാവായ വൈവിധ്യങ്ങളും ഇന്ന് വെല്ലുവിളികൾ നേരിടുകയാണ്. ഇന്ത്യയെ ഒരു ഭാഷയും ഒരു മതവും ഒരു സംസ്കാരവുമായി മാറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. റിപ്പബ്ലിക് ദിനം നമ്മുടെ ഭരണഘടനയുടെ ആഘോഷം മാത്രമല്ല, അത് ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളുടെയും തത്വങ്ങളുടെയും ഓർമ്മപ്പെടുത്തൽ കൂടിയാണ്. ഭരണഘടന അനുശാസിക്കുന്ന വിധം ഇന്ത്യയെ ഒരു പരമാധികാര സ്ഥിതിസമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക്കായി നിലനിർത്തേണ്ടത് ഈ രാജ്യത്തെ പൗരന്മാരെന്ന നിലയിൽ നമ്മുടെ ഉത്തരവാദിത്തമാണ്. ഭരണഘടന വെല്ലുവിളി നേരിടുമ്പോൾ കാവലാളായി മാറേണ്ടത് നമ്മൾ ഓരോരുത്തരുമാണ്.
രാജ്യത്തിന്റെ വൈവിധ്യങ്ങളുടെ പ്രദർശനം കൂടിയാകാറുണ്ട് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഡൽഹിയിൽ നടത്തപ്പെടുത്തുന്ന പരേഡ്. വിവിധ സംസ്ഥാനങ്ങൾ തങ്ങളുടെ തനത് സംസ്കാരങ്ങൾ പ്രദർശിപ്പിക്കുന്ന വേദിയാണ് റിപ്പബ്ലിക് ദിന പരേഡ്. രാജ്യത്തിന്റെ പരമോന്നത പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നതും റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാണ്.
ഇന്ന് നാം ദേശീയ പതാക ഉയർത്തി ദേശീയ ഗാനം ആലപിക്കുമ്പോൾ, നമ്മുടെ സ്വാതന്ത്ര്യത്തിനായി ധീരമായി പോരാടിയ സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗത്തെ നമുക്ക് സ്മരിക്കാം. നമ്മുടെ ജനാധിപത്യ റിപ്പബ്ലിക്കിന് അടിത്തറ പാകിയ ദാർശിനികരുടെ മുന്നിൽ നമുക്ക് ആദരവർപ്പിക്കാം. ഇന്ത്യയെന്ന ആശയത്തെ പൂർണ്ണമാക്കിയ ഭരണഘടനാ ശില്പികളുടെ ഓർമ്മകൾക്കു മുന്നിൽ അഞ്ജലിയർപ്പിക്കാം.
എല്ലാവർക്കും റിപ്പബ്ലിക് ദിനാശംസകൾ നേർന്നുകൊണ്ട് നിർത്തുന്നു.
നന്ദി നമസ്കാരം
ജയ് ഹിന്ദ്!
കുട്ടികൾക്കായുള്ള റിപ്പബ്ലിക് ദിന പ്രസംഗം 2025
(Republic Day Speech in Malayalam for Kids 2025)
ബഹുമാനപ്പെട്ട പ്രിൻസിപ്പാൾ, അധ്യാപകരേ, പ്രിയപ്പെട്ട കൂട്ടുകാരെ…
ഇന്ന് ജനുവരി 26. രാജ്യം 76-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ ഏറെ അഭിമാനത്തോടെയാണ് ഞാൻ നിങ്ങളുടെ മുന്നിൽ നിൽക്കുന്നത്. 1950ൽ ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതിന്റെ സ്മരണ പുതുക്കിയാണ് ഓരോ റിപ്പബ്ലിക് ദിനവും കടന്നുവരുന്നത്. 200 വർഷങ്ങൾ നീണ്ട ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് നമ്മുടെ ധീരരായ പൂർവ്വികർ നേടിയെടുത്ത സ്വാതന്ത്ര്യത്തിന് പൂർണ്ണ അർത്ഥം കൈവന്നത് ഭരണഘടനയുടെ വരവോടെയാണ്.
റിപ്പബ്ലിക് ദിനം നമ്മുടെ ഭരണഘടനയുടെ ആഘോഷം മാത്രമല്ല, അത് ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളുടെയും തത്വങ്ങളുടെയും ഓർമ്മപ്പെടുത്തൽ കൂടിയാണ്. ഡോ. ബി.ആർ. അംബേദ്കറുടെ മേൽനോട്ടത്തിൽ, നീതി, സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ മൂല്യങ്ങൾ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയ നമ്മുടെ ഭരണഘടന, ഇന്ത്യയിലെ ഓരോ പൗരനും ഈ രാജ്യത്ത് അന്തസ്സോടെ ജീവിക്കാനുള്ള പ്രാപ്തി നൽകി.
ഇന്ന് നാം ദേശീയ പതാക ഉയർത്തി ദേശീയ ഗാനം ആലപിക്കുമ്പോൾ, നമ്മുടെ സ്വാതന്ത്ര്യത്തിനായി ധീരമായി പോരാടിയ സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗത്തെ നമുക്ക് സ്മരിക്കാം. നമ്മുടെ ജനാധിപത്യ റിപ്പബ്ലിക്കിന് അടിത്തറ പാകിയ ദാർശിനികരുടെ മുന്നിൽ നമുക്ക് ആദരവർപ്പിക്കാം.
ഓരോ റിപ്പബ്ലിക് ദിനവും ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ്. നാളത്തെ ഇന്ത്യയെ മുന്നോട്ടു നയിക്കേണ്ടത് വളർന്നു വരുന്ന ഞാനും നിങ്ങളും അടങ്ങുന്ന പുതു തലമുറയാണ്. നമ്മുടെ പൂർവ്വികർ ജീവൻ ത്യജിച്ച് നേടിത്തന്ന സ്വാതന്ത്ര്യവും രാജ്യത്തിന്റെ ഭരണഘടനയുടെ മൂല്യങ്ങളും ഉയർത്തിപ്പിടിക്കേണ്ടത് നമ്മുടെ കടമയാണ്.
നാളെയുടെ നല്ല പൗരന്മാരായി മാറാൻ നല്ല വിദ്യാർത്ഥികളായിരിക്കേണ്ടത് അനിവാര്യമാണ്. നമുക്ക് ലഭിച്ചിട്ടുള്ള അവകാശങ്ങൾ ആസ്വദിക്കുന്നതോടൊപ്പം ആത്മാർത്ഥതയോടും അർപ്പണബോധത്തോടും കൂടി നമ്മുടെ കടമകളും ഉത്തരവാദിത്തങ്ങളും നിറവേറ്റുന്നതിലും നമുക്ക് ശ്രദ്ധ പുലർത്താം.
എല്ലാവർക്കും റിപ്പബ്ലിക് ദിനാശംസകൾ നേർന്നുകൊണ്ട് നിർത്തുന്നു
നന്ദി നമസ്കാരം
ജയ് ഹിന്ദ്!
Other Important Links | |
Monthly Current Affairs | Kerala PSC Latest Notifications |
Kerala PSC Upcoming Exams | Kerala PSC Previous Questions |
Entri Rank File | Daily Current Affairs in Malayalam |