വേദിയിലും സദസ്സിലുമായി ഇരിക്കുന്ന വിശിഷ്ട വ്യക്തികളെ, സുഹൃത്തുക്കളെ…
ഇന്ന് ഒക്ടോബർ രണ്ട്. തന്റെ കാഴ്ച്ചപ്പാടുകളും ജീവിതവും കൊണ്ട് ഒരു രാഷ്ട്രത്തിലെ ജനങ്ങളെയാകെ സ്വാധീനിക്കുക്കയും വഴിനടത്തുകയും, ലോകത്തിന്റെയാകമാനം ബഹുമാനാദരവുകൾ ഏറ്റുവാങ്ങുകയും ചെയ്ത, പകരക്കാരോ സമാനരോ ഇല്ലാത്ത, മോഹൻ ദാസ് കരംചന്ദ് ഗാന്ധിയെന്ന മഹാത്മാ ഗാന്ധിയുടെ ജന്മദിനത്തിന്റെ ഓർമ്മകൾ പുതുക്കുകയാണ് നമ്മൾ ഇന്ന്. ഓരോ ഗാന്ധി ജയന്തി ദിനവും പ്രസക്തമാകുന്നത് അദ്ദേഹം മുന്നോട്ടുവച്ച ആശയങ്ങളുടെ കാലാധീതമായ നിലനിൽപ്പുകൊണ്ടാണ്.
1869 ഒക്ടോബർ 2ന് ഗുജറാത്തിലെ പോർബന്തറിൽ, കരംചന്ദ് ഗാന്ധിയുടെയും പുത്‌ലിഭായ് ഗാന്ധിയുടെയും ഇളയ മകനായി ജനിച്ച മോഹൻദാസ് കരം ചന്ദ് ഗാന്ധി ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ രാഷ്ട്രപിതാവായി വളർന്ന കഥ ഏവർക്കും സുപരിചിതമാണ്.
ബ്രിട്ടീഷ് രാജ് നിലനിന്നിരുന്ന ഇന്ത്യയിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ഗാന്ധി, ഇംഗ്ലണ്ടിൽ ഉപരിപഠനം നടത്തുകയും നിയമ ബിരുദം സമ്പാദിക്കുകയും ചെയ്തു. ശേഷം ഇന്ത്യയിൽ അഭിഭാഷകവൃത്തി ചെയ്യാൻ ശ്രമിച്ചുവെങ്കിലും ഗാന്ധിക്ക് കാര്യങ്ങൾ എളുപ്പമായിരുന്നില്ല. പിന്നീട് 24-ാം വയസ്സിൽ, ഭാര്യ കസ്തൂർബാ ഗാന്ധിയോടൊപ്പം അദ്ദേഹം ദക്ഷിണാഫ്രിക്കയിലേക്ക് ചേക്കേറി അവിടെ തന്റെ അഭിഭാഷകവൃത്തി ആരംഭിച്ചു.
ദക്ഷിണാഫ്രിക്കയിൽ വെച്ച് വെള്ളക്കാരിൽനിന്നും നിറത്തിന്റെയും വംശത്തിന്റെയും പേരിൽ ഗാന്ധിക്ക് അനേകം മോശം അനുഭവങ്ങൾ നേരിടേണ്ടി വന്നു. ഇതിൽ മനംനൊന്ത് പിന്നീട് അദ്ദേഹം ദക്ഷിണാഫ്രിക്കയിലെ ഇന്ത്യൻ വംശജരുടെ ഉന്നമനത്തിനും സമത്വത്തിനുമായി പ്രവർത്തിച്ചു. വിദേശവാസം അവസാനിപ്പിച്ച് മാതൃരാജ്യത്തേക്ക് മടങ്ങിയെത്തി നിയമപരിശീലകനായെങ്കിലും ബ്രിട്ടീഷ് രാജിനു കീഴിൽ ഇന്ത്യൻ ജനത അനുഭവിക്കുന്ന പീഢനങ്ങൾ ഗാന്ധിയുടെ ഉള്ളുലച്ചു.
വെള്ളക്കാർക്കെതിരെ പോരാട്ടത്തിനിറങ്ങാനുറച്ച് ഗാന്ധി ചെന്നെത്തിയത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലായിരുന്നു. 1917ലെ ചമ്പാരൻ സത്യാഗ്രഹത്തിലൂടെയാണ് അദ്ദേഹം സ്വാതന്ത്ര്യ സമരപോരാട്ടങ്ങളുടെ മുന്നണിയിലേക്കെത്തുന്നത്. അഹിംസയെന്ന സമരായുധം മുഖമുദ്രയാക്കി, ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് ഒരു പുത്തൻ ഉണർവ്വായിരുന്നു ഗാന്ധി സമ്മാനിച്ചത്.
1930ൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയ ദണ്ഡി യാത്രയും ഉപ്പു സത്യാഗ്രഹവും ബ്രിട്ടീഷ് സാമ്രാജ്യത്തെ വിറപ്പിച്ചു. ആയിരങ്ങളാണ് ഈ പോരാട്ടത്തിൽ ഗാന്ധിക്കു പിന്നിൽ അണിനിരന്നത്. സത്യാഗ്രഹമെന്ന സമരമുറ പിന്നീട് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ മുഖമായി മാറി. ക്വിറ്റ് ഇന്ത്യാ സമരവും, നിസ്സഹകരണ പ്രസ്ഥാനവും ഇന്ത്യൻ ജനതക്കിടയിൽ ഗാന്ധിജിയുടെ സ്വീകാര്യതയും വിശ്വാസ്യതയും വർദ്ധിപ്പിച്ചു. ജീവിതത്തിലുടനീളം പുലർത്തിയ ലാളിത്യം, സമത്വം, സമാധാനം, ഐക്യം, സാഹോദര്യം, മതനിരപേക്ഷത എന്നീ മൂല്യങ്ങളും ഗാന്ധിയുടെ പേരിനൊപ്പം ലോകം കൂട്ടി വായിച്ചു.
‘എന്റെ ജീവിതമാണ് എന്റെ സന്ദേശം’ എന്ന് ലോകത്തോട് പറയാൻ ഇന്നോളം മറ്റൊരു നേതാവിനും കഴിഞ്ഞിട്ടില്ല എന്നിടത്താണ് ഗാന്ധി വ്യത്യസ്ഥനാകുന്നത്. അദ്ദേഹത്തിന്റെ ആത്മകഥയുടെ പേരുപോലെ ഒരു സത്യാന്വേഷണ പരീക്ഷണമായിരുന്നു എക്കാലത്തും ഗാന്ധിയുടെ ജീവിതം. തന്റെ ചിന്തകളും പ്രവർത്തികളുമെല്ലാം നിരന്തരം പരിഷ്‌കരിക്കാനും നവീകരിക്കാനും അദ്ദേഹം എപ്പോഴും ശ്രദ്ധിച്ചുപോന്നു.
‘രാഷ്ട്രപിതാവ്’ എന്ന് ഗാന്ധിയെ ആദ്യം വിശേഷിപ്പിച്ചത് നേതാജി സുഭാഷ് ചന്ദ്രബോസാണ്. തന്റെ ആശയങ്ങളിൽ നിന്നും നേർ വിപരീതനായിരുന്നെങ്കിലും ഗാന്ധിജിയെ നേതാജി അങ്ങേയറ്റം ബഹുമാനിച്ചിരുന്നു. ഗാന്ധിജിയെ ‘മഹാത്മാ’ എന്ന് വിളിച്ചത് രവീന്ദ്രനാഥ ടാഗോറായിരുന്നു. പിന്നീട് ലോകവും ഗാന്ധിയെ ആ പേരാണ് വിളിച്ചത്.
അഹിംസയും സത്യാഗ്രഹവും ആയുധമാക്കി ഗാന്ധി മുട്ടുകുത്തിച്ചത് 200 വർഷം നീണ്ട ബ്രിട്ടീഷ് ഭരണത്തെ മാത്രമായിരുന്നില്ല, രാജ്യത്ത് വ്യാപകമായി നിലനിന്ന സതി, ശൈശവ വിവാഹം, തൊട്ടുകൂടായ്മ, ജാതീയത തുടങ്ങിയ സാമൂഹിക തിന്മകളെക്കൂടിയാണ്. ഇന്ത്യയിൽ നിലനിന്നുരുന്ന ഹിന്ദു-മുസ്ലീം സംഘർഷങ്ങൾ പരിഹരിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനും ഗാന്ധിജി പ്രവർത്തിച്ചു. ലോകപ്രശസ്തിയിലേക്ക് നടന്നുകയറിയപ്പോഴും പാശ്ചാത്യ വസ്ത്രങ്ങൾ ഉപേക്ഷിച്ച്, സ്വയം ചർക്കയിൽ നെയ്‌തെടുത്ത ഖാദി വസ്ത്രങ്ങളാണ് അദ്ദേഹം ഉപയോഗിച്ചിരുന്നത്.
1948 ജനുവരി 30-ന് നാഥുറാം വിനായക് ഗോഡ്സെ എന്ന മതഭ്രാന്തനന്റെ തോക്കിൽ നിന്നുതിർന്ന വെടിയുണ്ടകൾ നെഞ്ചിലേറ്റ് 78-ാം വയസ്സിൽ ‘ഹേ റാം’ എന്ന് വിളിച്ച് ഗാന്ധിജി മരിച്ചു വീണപ്പോൾ അവസാനിച്ചത് ഒരു യുഗം തന്നെയായിരുന്നു.
ഗാന്ധിജയന്തി ദിനം അന്താരാഷ്ട്ര അഹിംസ ദിനമായി യു.എൻ. ജനറൽ അസംബ്ലി പ്രഖ്യാപിച്ചിട്ടുണ്ട്. വർഷങ്ങൾക്കിപ്പുറം ഇന്നും ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും പ്രതീകമായി ഗാന്ധി നിലകൊള്ളുകയാണ്. വർഗ്ഗീയതയും വിദ്വേഷവും പിന്നെയും ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് ഇരച്ചുകയറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, മതനിരപേക്ഷ ഇന്ത്യക്കായി നിലകൊണ്ടതിന്റെ പേരിൽ വർഗ്ഗീയ ഭ്രാന്തന്മാരുടെ തോക്കിനിരയായി രക്തസാക്ഷിയായ ഗാന്ധിയും അദ്ദേഹത്തിന്റെ ഓർമ്മദിനവും ഏറെ പ്രസക്തമാണ്. ഈ ഗാന്ധിജയന്തി ദിനത്തിൽ നമ്മുടെ പ്രിയപ്പെട്ട ബാപ്പുവിന്റെ ഓർമ്മകൾക്കു മുന്നിൽ പ്രണമിച്ചുകൊണ്ട് എന്റെ വാക്കുകൾ ചുരുക്കുന്നു.
ജയ് ഹിന്ദ്